ദുബായ്: ബസ് യാത്ര എളുപ്പമാക്കാന്‍ നൂതന പദ്ധതിയുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി. ബസ് യാത്രികരുടെ എണ്ണം 17 ശതമാനം വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്ന പദ്ധതിക്ക് ‘സിറ്റി ബ്രെയിന്‍’എന്നാണ് പേര്. പൊതുഗതാഗത ശൃംഖല സുഗമമാക്കുന്നതിന് നിര്‍മിതബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യകളാണ് ഉപയോഗപ്പെടുത്തുക.
പ്രമുഖ ടെക്നോളജി കമ്പനി ആലിബാബയുമായി സഹകരിച്ചാണ് ആര്‍ടിഎ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ട്രാഫിക് സംവിധാനത്തിൽ നിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ച് ആസൂത്രണം ചെയ്യുന്നതാണ് സംവിധാനം. ഇതിലൂടെ പുതുക്കിയ ബസ് ഷെഡ്യൂളുകളും റൂട്ടുകളിലെ മാറ്റവും യാത്രക്കാരന് അപ്പപ്പോള്‍ ലഭ്യമാക്കും. യാത്രക്കാരുടെ കാത്തിരിപ്പുസമയം കുറക്കാനും യാത്ര എളുപ്പമാക്കാനും ഇത് ഉപകരിക്കും.
പുതിയ സാങ്കേതികവിദ്യകളും നിര്‍മിതബുദ്ധി സംവിധാനവും ഉപയോഗിക്കുന്നത് ദുബായിലെ ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് ആര്.ടി.എ ഡയറക്ടര്‍ ജനറല്‍ മത്വാര്‍ അല്‍ തയാര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് സുഗമമായ സേവനങ്ങള്‍ നല്‍കാനും താമസക്കാരുടെ ക്ഷേമവും സന്തോഷവും ഉറപ്പുവരുത്തുന്നതിനുമായി പൊതുഗതാഗത പദ്ധതികളും സംയോജിത അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നത് ആര്.ടി.എ തുടരും.
Comments