തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കൻ കർണാടക മുതൽ കോമറിൻ മേഖലവരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമാണിത്.
അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ഇല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
Comments