ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ അടുത്ത മാര്‍ച്ചില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യയ്ക്ക് വന്‍ പ്രതീക്ഷകളാണ് ഉള്ളത്. ഇന്ത്യന്‍ ടെലികോം പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. വരും വര്‍ഷങ്ങളില്‍ 5ജി സാങ്കേതിക വിദ്യയിലും വരാനിരിക്കുന്ന 6ജി സാങ്കേതിക വിദ്യയിലും ലോകത്തെ പ്രധാന രാജ്യമായി ഇന്ത്യ മാറുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴുള്ള 4ജിയെക്കാള്‍ പത്തിരട്ടി വേഗതയിലാകും 5ജി പ്രവര്‍ത്തിക്കുക. 4ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടേതിന് സദൃശ്യമായ രീതിയില്‍ ആകും 5ജിയും പ്രവര്‍ത്തിക്കുക. ‘5 ജി ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്, 2023 മാര്‍ച്ചില്‍ ജനങ്ങളിലേക്ക് എത്തിക്കാനാകും’ സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടി പാരീസില്‍ നടക്കുന്ന വിവാടെക്2022 പരിപാടിയിലാണ് മന്ത്രിയുടെ പ്രസ്താവന.
5ജി സ്പെക്ട്ര ലേല മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ടെലികോം മന്ത്രാലയം ഇന്നലെയാണ് നോട്ടീസ് പുറത്തിറക്കിയത്. എസ് എം ആര് എ പ്രകാരമുള്ള ഇ-ലേലമാണ് നടക്കുന്നത്.
സ്പെക്ട്രത്തിലെ 72097.85 മെഗാ ഹേര്‍ട്ട്സ് ആണ് ലേലത്തിന് വെക്കുന്നത്. ഇരുപത് വര്‍ഷത്തേക്കാണ് സ്പെക്ട്രം ലേലം ചെയ്യുക. ലേലത്തിലൂടെ നേടിയെടുക്കുന്ന സ്പെക്ട്രം പത്ത് വര്‍ഷത്തിന് ശേഷം മാത്രമേ സറണ്ടര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ലേലത്തില്‍ സീറോ സ്പെക്ട്രം ഉപയോഗ നിരക്കുകളും 2021 ല്‍ പ്രഖ്യാപിച്ച പരിഷ്കാരങ്ങളും കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താം.
ദശാബ്ദാവസാനം 6ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. 5ജി സേവനങ്ങളിലൂടെ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments