ലഖ്നൗ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് പുത്തൻ ദിശാബോധം നൽകുന്നതാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതി യുവാക്കളുടെ ഭാവിക്ക് സുവർണ അടിത്തറ പാകുന്നതുമാണ്. എന്നാൽ അവരെ പലരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു.
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവിൽ നടക്കുന്ന കലാപശ്രമവും ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. ബിഹാറിൽ വ്യാപകമായി അഴിഞ്ഞാടുന്ന അക്രമികൾ രണ്ട് ട്രെയിനുകൾക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിന് പുറമേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
ഉത്തർ പ്രദേശിന്റെ ചില ഭാഗങ്ങളിലും പദ്ധതിയുടെ പേരിൽ ചിലർ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളുടെ മറവിൽ ആക്രമണം നടത്താനും പൊതുമുതൽ നശിപ്പിക്കാനുമുള്ള ശ്രമം വച്ചു പൊറുപ്പിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രതിഷേധങ്ങളുടെ പേരിൽ അക്രമം അഴിച്ചു വിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നവർ സമീപകാല അനുഭവങ്ങൾ മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments