23 വർഷങ്ങൾക്കിടെ ചെയ്തത് 23 ജോലികൾ, ലോകത്ത് ഏറ്റവും വലിയ സിവിയുള്ള യുവതിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലണ്ടൻ സ്വദേശിയായ അനസ്തേഷ്യ ചെച്ചെട്ടോ 23 വർഷത്തിനിടെ ചെയ്തത് 23 ജോലികളാണ്.
പതിനാറാം വയസ്സിൽ ബേക്കറായി ജീവിതം ആരംഭിച്ച ഈ യുവതി ഇന്ന് ഒരു കമ്പനിയുടെ സിഇഒയാണ്. എല്ലാ ജോലികളിൽ നിന്നും നിരവധി കാര്യങ്ങൾ പഠിച്ചെന്നാണ് ഇവർ പറയുന്നത്. ഡിഷ് വാഷറായും ഹോട്ടൽ ജീവനക്കാരിയായും പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ ജോലികൾ ചെയ്യുന്നവരോട് എന്നും ബഹുമാനമാണ്. ജീവിതത്തിൽ എന്ത് ചെയ്യുമെന്ന് ആലോചിച്ച് എല്ലാവർക്കും ഭയമാണ്. എന്നാൽ താൻ ഒരിക്കലും ജീവിതത്തെ ഭയത്തോടെ കണ്ടിട്ടില്ല, മനസ്സ് പറയുന്നത് ചെയ്യാറാണ് പതിവെന്നും 23 കാരി ആത്മവിശ്വാസത്തോടെ പറഞ്ഞു.
പതിനെട്ട് വയസ്സ് തികയുമ്പോഴേക്കും അനസ്തേഷ്യ ബേക്കർ, സൂപ്പർമാർക്കറ്റിലെ ക്യാഷ്യർ, ഹോട്ടൽ ജീവനക്കാരി, സെയിൽസ് ഗേൾ, ഡിഷ് വാഷർ, പിയാനോ അദ്ധ്യാപിക, മാർക്കറ്റിൽ വിൽപ്പനക്കാരി എന്നിങ്ങനെ വിവിധ ജോലികൾ ചെയ്ത് കഴിഞ്ഞിരുന്നു. താൻ നിരവധി ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും തന്നെ ഒരു സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ടിട്ടില്ലെന്ന് അനസ്തേഷ്യ പറഞ്ഞു.
ഐസ്ക്രീം വിൽപ്പനക്കാരിയായും, മോഡലായും, കുട്ടികളെ നോക്കുന്ന ആയയായും പ്രവർത്തിച്ച യുവതിക്ക് ഇംഗ്ലീഷ്, ഡച്ച്, ഇറ്റാലിയൻ, റഷ്യൻ എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനാകും. ഫോട്ടോഗ്രാഫറായും പരിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ മാനേജ്മെന്റ് കണ്ടന്റ് റൈറ്റിംഗ്, ഓൺലൈൻ ട്രെയ്നർ, ലക്ഷ്വറി ഹോട്ടലിലെ ക്രിയേറ്റീവ് ഡയറക്ടർ എന്നീ മേഖലകളിലും ഇവർ കഴിവ് തെളിയിച്ചു.
ഇത്രയും ചെറിയ പ്രായത്തിനുള്ള ഇത്രയധികം ജോലികൾ നേടിയ യുവതി ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാവുകയാണ്. തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവർക്കും ഭയമാണ്. എന്നാൽ ഇതൊന്നും ആലോചിച്ച് ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മനസ്സ് പറയുന്നത് കേട്ട് പ്രവർത്തിക്കണമെന്നുമാണ് യുവതി പറയുന്നത്.
Comments