മുംബൈ: രാത്രികാല കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ മുംബൈ പോലെയുള്ള നഗരത്തിലൂടെ സഞ്ചരിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി. ഗിര്‍ഗാവ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ.് സംശയകരമായ സാഹചര്യത്തില്‍ കണ്ട 29 കാരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്. സുമിത് കശ്യപിനെ കഴിഞ്ഞ 13 നാണ് അറസ്റ്റ് ചെയ്തത്.
തൂവാല ഉപയോഗിച്ച് മുഖം മറച്ച യുവാവിനെ ഉത്തര മുംബൈയിലെ റോഡില്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. പുലര്‍ച്ചെ കണ്ടപ്പോള്‍ പോലീസിന് ദുരൂഹത തോന്നുകയും മഹാരാഷ്ട്ര പോലീസ് ആക്ടിലെ സെക്ഷന്‍ 122 ബി പ്രകാരംകസ്റ്റഡിയില് എടുക്കുകയുമായിരുന്നു.
പോലീസിന്റെ വാദം കോടതി തള്ളി. കുറ്റം ചുമത്തപ്പെട്ട ആളെ പുലര്‍ച്ചെ 1.30 നാണ് അറസ്റ്റ് ചെയ്തത്. മുംബൈ പോലെയുള്ളൊരു നഗരത്തില്‍ 1.30 മണി വൈകിയ നേരമല്ല, റോഡില്‍ ആര്‍ക്കും നില്‍ക്കാവുന്നതുമാണ്. വ്യക്തിത്വം മറച്ചുവെച്ച് കുറ്റം ചെയ്യാനുള്ള ശ്രമം ആണ് അതെന്ന് വിലയിരുത്താനാവില്ലായെന്നും മജിസ്ട്രേറ്റ് നദീം പട്ടേല്‍ പറഞ്ഞു. മുംബൈയില്‍ കര്‍ഫ്യൂ പ്രഖ്യപിച്ചിരുന്നില്ല, അതിനാല്‍ നിയമലംഘനം കശ്യപ് നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
കൊറോണ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും മാസ്ക്ക് ധരിക്കുന്നുണ്ട്. മാസ്ക്ക് ഇല്ലാത്തവര്‍ തൂവാല ചിലപ്പോള്‍ മുഖം മറക്കാന്‍ ഉപയോഗിക്കും. മാസ്ക്കായി തൂവാല ഉപയോഗിച്ചു എന്ന കാരണത്താല്‍ വ്യക്തിഹത്യ നടത്താനോ, അറസ്റ്റ് ചെയ്യാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Comments