കൊച്ചി : അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപിയും വിപുലമായ യോഗ പരിപാടികൾ സഘടിപ്പിക്കുന്നു. കോഴിക്കോട് തളിക്ഷേത്ര പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കും.
തിരുവനന്തപുരത്തെ പരിപാടിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കെടുക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്താണ് പരിപാടി. കേന്ദ്ര മന്ത്രിക്ക് പുറമെ ബിജെപി നേതാക്കളായ പി.സുധീർ, ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും പങ്കെടുക്കും.
കാസർഗോഡ് എ.പി.അബ്ദുള്ളക്കുട്ടി, കൊല്ലത്ത് കുമ്മനം രാജശേഖരൻ, കോട്ടയം എ.എൻ.രാധാകൃഷ്ണൻ, ഇടുക്കിയിൽ സി.കൃഷ്ണകുമാർ , പത്തനംതിട്ട ജോർജ് കുര്യൻ, കോഴിക്കോട് എം.ടി.രമേശ് എന്നിവരും ജില്ലകളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും
മൈസൂരുവിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിൽ 15,000 പേർ യോഗാഭ്യാസങ്ങളിൽ പങ്കാളികളാകും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾ മുൻനിർത്തി 75 കേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
വാഗാ അതിർത്തിയിൽ കേന്ദ്രമന്ത്രി അജയ് ഭട്ടാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗ് ജമ്മുവിലും ഭാരതി പവാർ അനന്തനാഗ് മാർത്താണ്ഡ ക്ഷേത്രത്തിലും യോഗ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
Comments