എറണാകുളം: കൊച്ചിൻ കോർപ്പറേഷൻ ഐലന്റ് നോർത്ത് 29ാം ഡിവിഷൻ നിലനിർത്തി ബിജെപി. എറണാകുളം മുൻസിഫ് കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ നറുക്കെടുപ്പിൽ ബിജെപി വനിതാ സ്ഥാനാർത്ഥി ടി. പത്മകുമാരിക്ക് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാലിനെയാണ് പത്മകുമാരി പരാജയപ്പെടുത്തിയത്.
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് പത്മകുമാരി വിജയിച്ചിരുന്നു. 182 വോട്ടുകൾ ആയിരുന്നു പത്മകുമാരിയ്ക്ക് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. പത്മകുമാരിയ്ക്ക് അധികമായി ലഭിച്ച വോട്ട് പ്രിസൈഡിംഗ് ഓഫീസറുടേത് ആയിരുന്നു. ഇതേ തുടർന്ന് വേണുഗോപാൽ മുൻസിഫ് കോടതിയെ സമീപിച്ചു. കോടതി ഒരു വോട്ട് തുല്യമായി കുറച്ച് ഇരുവരുടെയും വോട്ട് 181 ആക്കി. നറുക്കെടുപ്പ് നടത്താനും നിർദ്ദേശിച്ചു. ഇതേ തുടർന്നായിരുന്നു ഇന്ന് നറുക്കെടുപ്പ് നടന്നത്.
പത്മകുമാരിയുടെ പേരാണ് നറുക്കെടുത്തത്. ഇതോടെ പത്മകുമാരി തുടർ ഭരണം ഉറപ്പിക്കുകയായിരുന്നു.
Comments