ന്യൂഡല്‍ഹി: ഹരിതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളമായി ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഐജിഐ). രണ്ട് തരം ഊര്‍ജ്ജം ഒന്നിച്ച് ഉപയോഗിക്കുന്നത് ആദ്യമാണെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡിഐഎഎല്‍) ഓപ്പറേറ്റര്‍ പറഞ്ഞു.
2015 ല്‍ സൗരോര്‍ജം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാറിയിരുന്നു. ജലത്തെയും സൗരോര്‍ജത്തെയും സംയോജിപ്പിച്ച് ഊര്‍ജമാക്കി മാറ്റുന്നത് ആദ്യമാണെന്ന് ഡിയാല്‍ വ്യക്തമാക്കി.ജൂണ്‍ ഒന്നു മുതല്‍ ഹൈഡ്രോ, സോളാര്‍ ഊര്‍ജ്ജം ഉപയോഗിച്ച് തുടങ്ങിയിരുന്നു.
2030 ല്‍ ഡല്‍ഹി എയര്‍പോര്‍ട്ടിനെ കാര്‍ബണ്‍ രഹിത എയര്‍പോര്‍ട്ടാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ജൂണ്‍ 1 മുതല്‍ വിമാനത്താവളത്തിലെ ഊര്‍ജ ഉപഭോഗത്തിനായി 96 ശതമാനത്തോളം ഹൈഡ്രോ പവര്‍ പ്ലാന്റില്‍ നിന്നും ബാക്കി 6 ശതമാനം സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്നുമാണ്.
കാര്‍ഗോ ടെര്‍മിനലിന്റെ മുകളിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ കമ്പനിയുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തിലാണ് ഹൈഡ്രോ പവര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പദ്ധതി വഴി രണ്ട് ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കാന്‍ സാധിക്കും.
പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് വേണ്ടി ഗ്രീന്‍ ട്രാന്സ്പോര്ട്ടേഷന് പരിപാടിയ്ക്കും പദ്ധതിയിട്ടുണ്ട്. ഹരിതക കെട്ടിടങ്ങള്‍, ഹരിതക ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
Comments