ബംഗളൂരു: കർണാടകയിൽ കോളേജ് പ്രിൻസിപ്പലിന്റെ മുഖത്തടിച്ച് ജെഡിഎസ് എംഎൽഎ എം ശ്രീനിവാസ്. മാണ്ഡ്യ ഐടിഐ കോളേജ് പ്രിൻസിപ്പൽ നാഗാനന്ദിനെയാണ് എംഎൽഎ കൈയ്യേറ്റം ചെയ്തത്. കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ.
സന്ദർശനത്തിനിടെ പ്രിൻസിപ്പലിനോട് കോളേജിലെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചു. ഇതിന് പ്രിൻസിപ്പൽ നൽകിയ ഉത്തരങ്ങൾ അദ്ദേഹത്തിന് തൃപ്തികരമായി തോന്നിയില്ല. ഇതോടെ എംഎൽഎ ദേഷ്യപ്പെടുകയായിരുന്നു. മാപ്പ് പറഞ്ഞെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹം പ്രിൻസിപ്പലിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ നോക്കി നിൽക്കേയായിരുന്നു എംഎൽഎയുടെ ഈ നിയന്ത്രണമില്ലാത്ത പെരുമാറ്റം.
രണ്ട് തവണ മുഖത്തടിച്ചതിന് പിന്നാലെ ചുറ്റുമുള്ളവർ ചേർന്ന് എംഎൽഎയെ സമാധാനിപ്പിക്കുകയും സംഭവസ്ഥലത്ത് നിന്നും അദ്ദേഹത്തെ കൂട്ടികൊണ്ട് പോവുകയുമായിരുന്നു. പ്രിൻസിപ്പലിനെ എംഎൽഎ തല്ലുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.
Comments