തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയസഹോദരൻ പ്രഹ്ലാദ് മോദി കേരളത്തിൽ. സുഹൃത്തിന്റെ ക്ഷണ പ്രകാരമാണ് അദ്ദേഹം കേരളത്തിലെത്തിയത്. ലക്ഷ്മി ദേവിയുടെ നിധിയാണ് ഈ മണ്ണ്. കാണാൻ ഏറെ സുന്ദരമാണെന്നും കേരളത്തിലുള്ളവർ സ്നേഹമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നാലാം തവണയാണ് പ്രഹ്ലാദ് മോദി കേരളം സന്ദർശിക്കുന്നത്. മൂന്ന് തവണയും അദ്ദേഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചിരുന്നു.
പ്രഹ്ലാദ മോദിയുടെ സുഹൃത്തും മുംബൈയിലെ പ്രമുഖ വ്യവസായിയുമായ കൊല്ലം തേവലക്കര അലക്സാണ്ടർ പ്രിൻസ് വൈദ്യന്റെ മകൾ പ്രവീണയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത് . നാളെ രാവിലെ കൊല്ലം അഷ്ടമുടി റാവിസ് റിസോർട്ടിലാണ് നിശ്ചയം.
പ്രധാനമന്ത്രി എന്ന നിലയിലും സഹോദരൻ എന്ന നിലയിലും നരേന്ദ്രമോദിയുമായി നല്ല ബന്ധമാണുള്ളതെന്നും ജ്യേഷ്ഠന്റെ ഭരണകാര്യത്തിലോ രാഷ്ട്രീയ കാര്യങ്ങളിലോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു മഹാ സംഘ് ദേശീയ അദ്ധ്യക്ഷനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റും ആണ് പ്രഹ്ലാദ് മോദി .
Comments