ന്യൂഡൽഹി : യുദ്ധത്തിന് പിന്നാലെ ഉണ്ടായ ഭൂചലനത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. 1000 ത്തോളം പേരുടെ ജീവനെടുക്കുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അതിതീവ്ര ഭൂചലനത്തിൽ നടുങ്ങിയ അഫ്ഗാന് എല്ലാ സഹായവും എത്തിച്ച് നൽകുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആദ്യ ചരക്ക് കാബൂളിൽ എത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് വേണ്ടി ഭൂകമ്പ ദുരിതാശ്വാസ സഹായത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് ആദ്യ ചരക്ക് കാബൂളിലെത്തി. ഇന്ത്യൻ സംഘം ചരക്ക് കൈമാറും. ഇനിയും കൂടുതൽ കൺസൈൻമെന്റുകൾ ഉടൻ എത്തിക്കും” എന്ന് ബാഗ്ചി ട്വിറ്ററിൽ കുറിച്ചു. സാഹചര്യം മനസിലാക്കിക്കൊണ്ട് ഇന്ത്യയാണ് യഥാർത്ഥത്തിൽ ആദ്യം അഫ്ഗാനോട് പ്രതികരിച്ചത് എന്ന് എസ് ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. സഹായം ആവശ്യമുള്ള സുഹൃദ് രാജ്യത്തെ ഇന്ത്യ ഒരിക്കലും കൈവിടില്ല എന്നാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കിയത്.
അപകടത്തിൽ പെട്ട ആളുകളെ സഹായിക്കുന്നതിന് വേണ്ടിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് വേണ്ടിയും ഇന്ത്യയുടെ ടെക്‌നിക്കൽ സംഘം കാബൂളിൽ എത്തിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയിൽ നിന്നും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യൻ സംഘം താലിബാൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അഫ്ഗാനുമായുള്ള തങ്ങളുടെ ദീർഘകാല ബന്ധവും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നത് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
Comments