കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പൊതുവഴിയിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്.
ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് 11-കാരിക്ക് ദുരനുഭവമുണ്ടായത്.
ബൈക്കിലെത്തിയ ഫറോക്ക് പെരുമുഖം സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് കുട്ടിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കുകയായിരുന്നു.
പരാതി ലഭിച്ചയുടൻ ഫറോക്ക് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുന്നത് ദൃശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇതോടെ അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബാസിതിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments