ന്യൂഡൽഹി: സ്കിപ്പിംഗ് റോപ്പ് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിന് സമീപമുള്ള കർത്താർ നഗർ പരിസരത്താണ് സംഭവം. സ്കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് കളിക്കുന്നതിനിടെ കഴുത്തിൽ കുടുങ്ങുകയും കുട്ടി ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.
ടിവിയിൽ വന്ന രംഗങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. അതേസമയം മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് കുട്ടിയുടെ അമ്മ വീടിന്റെ രണ്ടാം നിലയിൽ മറ്റൊരു മുറിയിലുണ്ടായിരുന്നു. ഇതേസമയം പിതാവ് ജോലി സ്ഥലത്തായിരുന്നു. ഇലക്ട്രിസിറ്റി കമ്പനിയിൽ മാനേജരാണ് പിതാവ്.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. സിആർപിസി സെക്ഷൻ 174 പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments