ജമ്മു: 2023 ലെ ജി20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടക്കും. ഇതിനായി അഞ്ചംഗ ഏകോപന സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. 2022 ഡിസംബര്‍ ഒന്നിനു ജി 20 യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുകയും ജി 20 നേതാക്കളുടെ യോഗം 2023 തുടക്കത്തോടെ നടക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര ഉച്ചകോടിയാകും ഇത്.
കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭവന, നഗര വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മിറ്റി ചെയര്‍മാനാകും. ജൂണ്‍ 4 ന് വിദേശകാര്യമന്ത്രാലത്തിന്റെ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്കമാക്കിയത്. 2021 സെപ്റ്റംബറില്‍ കേന്ദ്ര വ്യവസായിക മന്ത്രി പീയുഷ് ഗോയലിനെ ഉച്ചകോടിയുടെ തലവനായ ഷെര്‍പ്പ ആയി നിയമിച്ചിരുന്നു. ഗതാഗത വകുപ്പ് കമ്മീഷണര്‍ സെക്രട്ടറി, ടൂറിസം വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി, ഹോസ്പിറ്റാലിറ്റി ആന്റ് പ്രോട്ടോക്കോള്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകും. കേന്ദ്രഭരണ പ്രദേശത്ത് നോഡല്‍ ഓഫീസറെയും നിയമിക്കും.
1999ല്‍ ആരംഭിച്ച ജി20 ഉച്ചകോടിയില്‍ 20 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ജര്‍മനി, ഫ്രാന്‍സ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ഉച്ചക്കോടിയില്‍ പങ്കെടുക്കുക.
സാമ്പത്തിക വളര്‍ച്ചയും ക്ഷേമവും ഉറപ്പുവരുത്തുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. ആഗോള ആഭ്യന്തര ഉല്പാദനം 80 ശതമാനത്തില്‍ കൂടുതലും ആഗോള വ്യാപാരം 75 ശതമാനത്തില്‍ കൂടുതലും ആഗോള ജനസംഖ്യ 60 ശതമാനത്തില്‍ കൂടുതലും ഉള്ള രാജ്യങ്ങളെയാണ് ജി 20 ല്‍ ഉള്‍പ്പെടുത്തുന്നത്. 1999 മുതല്‍ ഇന്ത്യയ്ക്ക് അംഗത്വമുണ്ട്. 2014 മുതല്‍ തുടര്‍ച്ചയായി പ്രധാനമന്ത്രിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
Comments