ബംഗളൂരു: ബംഗളുരു നഗരത്തിൽ പോലീസ് വിവിധ സമയങ്ങളിലായി പിടികൂടിയ ടൺ കണക്കിന് ലഹരി വസ്തുക്കൾ ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും. 21 ടണ്ണോളം വരുന്ന മയക്കുമരുന്ന്, കഞ്ചാവ്, കറുപ്പ് ഹെറോയിൻ,കൊക്കെയ്ൻ, എംഡിഎംഎ,എൽഎസ്ഡി എന്നിവ ഉൾപ്പടെയാണ് നശിപ്പിക്കുകയെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ സൂദ് വ്യക്തമാക്കി. വിപണിയിൽ 25.6 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ ലഹരിവസ്തുക്കൾ
ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധി ച്ചാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വിവിധ സൈക്കോട്രോപിക്, മയക്കുമരുന്ന് വസ്തുക്കൾ നശിപ്പിക്കുന്നത്. ഇതിൽ 50 ശതമാനത്തിലധികം മയക്കുമരുന്നും ബംഗളൂരു നഗരത്തിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ വർഷം ഇതേ ദിവസം 50.23 കോടി രൂപയുടെ 24 ടൺ ലഹരിവസ്തുക്കൾ നശിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ 8505 എൻഡിപിഎസ് ആക്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും 7846 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായവരിൽ 185 പേർ വിദേശികളാണ്. ആകെയുള്ള 5363 കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയെന്നും പോലീസ് വ്യക്തമാക്കി.
Comments