തിരുവനന്തപുരം: ജനം ടിവിയുടെ ജനനായകൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോളിലൂടെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ, സാംസ്കാരിക, കലാ രംഗത്തെ മികച്ച സംഭാവന നൽകിയവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ജനം ടിവിയുടെ ദൗത്യം ചരിത്രപരമാണെന്ന് പി എസ് ശ്രീധരൻ പിള്ള ചടങ്ങിൽ പറഞ്ഞു.
ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് സി അച്ച്യുതമേനോൻ ആയിരുന്നു. അദ്ദേഹത്തിന് വേണ്ടി മകൻ ഡോക്ടർ രാമൻകുട്ടി പുരസ്കാരം സ്വീകരിച്ചു. കേരളത്തിലേ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാവിനുള്ള പുരസ്കാരം കുമ്മനം രാജശേഖരൻ ഏറ്റുവാങ്ങി. ഏറ്റവും മികച്ച യുവജന നേതാവായ സന്ദീപ് വചസ്പതിയും പുരസ്കാരം സ്വീകരിച്ചു. കല, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പി, പ്രൊഫസർ സി ജി രാജഗോപാൽ, പി നാരായണ കുറുപ്പ് എന്നിവരും സ്വീകരിച്ചു.
വ്യവസായ മേഖലയിൽ നിന്ന് സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡിന് ഐബിസ് ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എം രാധാകൃഷ്ണൻ പുരസ്കാരം സ്വീകരിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരൻ ചടങ്ങിൽ മുഖ്യാതിഥിയായി. ആർ എസ് എസ് സമ്പർക്ക പ്രമുഖ് എ ജയകുമാർ, ജനം ടിവി എം ഡി യു.എസ്.കൃഷ്ണകുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിരീഷ് സി മേനോൻ, ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments