ഒറ്റാവാ: ബാങ്കിനുളളിൽ വെടിവെയ്പ് നടത്തിയ സംഘത്തിലെ രണ്ട് പേരെ കനേഡിയൻ പോലീസ് വധിച്ചു. വാൻകൂവർ ഐലന്റിലെ സാനിച്ചിൽ ബാങ്ക് ഓഫ് മോൺട്രിയലിലാണ് സംഭവം ഉണ്ടായത്. യുഎസ് സംസ്ഥാനമായ വാഷിംഗ്ടണിന്റെ അതിർത്തിയോട് ചേർന്ന പ്രദേശമാണിവിടെ.
അക്രമികളെ പിടികൂടാനും പ്രദേശവാസികളെ രക്ഷിക്കാനുമുളള പരിശ്രമത്തിലാണ് പോലീസ്. അക്രമികളുടെ കൈവശം സ്ഫോടക വസ്തുക്കൾ കാണാനുളള സാധ്യത മുൻനിർത്തി സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ കടകൾ അടപ്പിക്കുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.
അക്രമികൾ വളരെയധികം ആയുധങ്ങൾ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് സാനിച്ച് പോലീസ് മേധാവി ഡീൻ ദൂത്തി പറഞ്ഞു. പരിക്കേറ്റ ആറ് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ചിലരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ട സ്ഥിതിയാണെന്നും പോലീസ് വ്യക്തമാക്കി.
വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ വലിയ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുളളത്. ആക്രമികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Comments