മുഖ്യമന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറയുകയാണ്. ആദ്യം സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞു. ക്ലിഫ് ഹൗസിലും മീറ്റിംഗുകളിലും കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. ഇത്തരം മീറ്റിംഗുകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. എല്ലാ പരിപാടികളും മുഖ്യമന്ത്രി ബന്ധപ്പെട്ടതിനെ തുടർന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം താനാണ് നടത്തിയത് എന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞു.
തന്റെ പേരിൽ എന്തിന് കേസെടുത്തു, എന്തുകൊണ്ട് ഷാജ് കിരണെതിരെ കേസെടുത്തില്ലെന്ന് സ്വപ്ന ചോദിച്ചു. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ പിന്നെ എന്തിന് എഡിജിപിയെ മാറ്റി എന്നും സ്വപ്‌ന ചോദിച്ചു.
മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തന്നെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കിൽ 2016 മുതലുള്ള സെക്രട്ടേറിയറ്റിന്റെയും ക്ലിഫ് ഹൗസിന്റെയും ദൃശ്യങ്ങൾ പുറത്തുവിടണം. കോൺസൽ ജനറലിന്റെ കൂടെ രഹസ്യ മീറ്റിംഗുകൾക്കായി രാത്രി 7 മണിക്ക് ശേഷം താൻ ക്ലിഫ് ഹൗസിൽ പോയിട്ടുണ്ട്. അത് കൂടാതെ ഒറ്റയ്‌ക്കും പോയിട്ടുണ്ട്. താൻ പറയുന്നത് കള്ളമാണെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. ഒരു കോൺസൽ ജനറലിന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലിയറൻസ് ഇല്ലാതെ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കാണാനാവില്ല. എന്നാൽ അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തങ്ങൾ ഒരു പരിശോധനയും ഇല്ലാതെ അവിടേക്ക് കയറി പോകുന്നത് കാണാമെന്ന് സ്വപ്‌ന പറഞ്ഞു.
ഇവിടുത്തെ വിമാനത്താവളങ്ങൾ വഴി മുഖ്യമന്ത്രി പോയാലും കോൺസൽ ജനറൽ പോയാലും എല്ലാവരും തൊഴുതുകൊണ്ട് നിൽക്കാറുള്ളൂ. ഇവർക്ക് നയതന്ത്ര ചാനലിന്റെ ആവശ്യം യുഎഇയിൽ എത്തിയപ്പോഴായിരുന്നു. അതുകൊണ്ടാണ് യുഎഇ കോൺസിൽ ജനറലിന്റെ ആവശ്യം വന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എന്തൊക്കെ സ്വാധീനം ഉപയോഗിക്കാമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ജനങ്ങളെ പച്ചക്കള്ളം പറഞ്ഞ് പറ്റിക്കാനാകില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.
Comments