ചമോലി: ഉത്തരാഖണ്ഡിൽ ബദരീനാഥ് തീർത്ഥാടകർ അപകടത്തിൽപ്പെട്ടു. തീർത്ഥാടനം കഴിഞ്ഞ് തിരികെ വരികയായിരുന്ന സംഘമാണ് രാത്രിയിൽ അപകടത്തിൽപ്പെട്ടത്. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മലമുകളിൽ നിന്നുള്ള പാറ അടർന്നുവീഴുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
ഉത്തരാഖണ്ഡിലെ ചാമോലി മേഖലയിലൂടെ യാത്ര ചെയ്യുമ്പോഴാണ് കാറിന്റെ ഒത്തനടുവിലേയ്ക്ക് പാറക്കഷ്ണം അടർന്നുവീണത്. കാറിന്റെ മുകൾ ഭാഗവും ചില്ലും തകർന്നു. പാറക്കല്ല് കാറ്തുളച്ച് അകത്തു കയറാതിരുന്നതിനാൽ വൻദുരന്തം ഒഴിവായെന്നാണ് ചമോലി പോലീസ് പറയുന്നത്.
മലയിടിച്ചിലും ഹിമപാതവും മൂലം വൻ ദുരന്തങ്ങൾ പതിവായ മേഖലയാണ് ചമോലി ജില്ല. മേഘവിസ്ഫോടനം മൂലം ഒരു വർഷം മുന്നേ നൂറുകണക്കിന് പേർ ഒലിച്ചുപോയ ദുരന്തം നടന്നതും ചമോലിയിലാണ്.
Comments