മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ ഒരാൾ പിടിയിലായി. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫർ അഹമ്മദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോ സ്വർണവും പിടിച്ചെടുത്തു.
ഇസ്തിരിപ്പെട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പുറത്തുവന്നപ്പോൾ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഹെവി വെയ്റ്റ് ഇസ്തിരിപ്പെട്ടിയുടെ ഹീറ്റിംഗ് കോയിലിന്റെ കെയ്സിനകത്താണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്. അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിലാണ് മുസാഫർ കരിപ്പൂരിൽ എത്തിയത്.
വിമാനത്താവളം വഴി ഇസ്തിരിപ്പെട്ടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിമാനത്താവളത്തിന് മുൻപിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇസ്തിരിപ്പെട്ടിയുമായി മുസാഫർ എത്തിയത്.
ഹീറ്റിംഗ് കോയിലിന്റെ കേസിൽ സ്വർണം ഉരുക്കി ഒഴിച്ചാണ് മുസാഫർ കടത്താൻ ശ്രമിച്ചത്. ഇസ്തിരിപ്പെട്ടി വിശദമായി പരിശോധിച്ചപ്പോൾ രണ്ട് ഹീറ്റിംഗ് കോയിൽ കണ്ടു. ഇത് കണ്ട് സംശയം തോന്നി മുറിച്ച് നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
അതേസമയം തന്റെ സുഹൃത്ത് കുടുംബാംഗങ്ങൾക്ക് കൊടുക്കാൻ വേണ്ടി നൽകിയ ഇസ്തിരിപ്പെട്ടിയാണ് ഇതെന്നാണ് മുസാഫർ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments