തിരുവനന്തപുരം: വീണ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയർ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി സംരംഭകയുമായ വീണ വിജയന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്. വീണയ്ക്കെതിരായ ആരോപണങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെയാണ്. വിവാദങ്ങളിൽ സ്ത്രീകൾ ഉൾപെട്ടാൽ ഒരു പ്രത്യേക ഹരത്തോടെ അത് ചർച്ചചെയ്യപ്പെടുമെന്നും പ്രത്യേകിച്ച് ഇടതുപക്ഷത്തുള്ള സ്ത്രീയാണെങ്കിൽ എന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.
പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ് വീണയെന്നും ആര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇടതുപക്ഷ നിലപാടുള്ള സ്ത്രീകൾക്ക് മേൽ നടക്കുന്ന വെർബൽ അറ്റാക്ക് വർദ്ധിക്കുന്നുവെന്നും മേയർ പറയുന്നു. അനാവശ്യ വിവാദങ്ങളിൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് നിരന്തരം അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങളിൽ ഒരു കഴമ്പും ഇല്ലായെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല എന്നും ഒന്നര പതിറ്റാണ്ടായി അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്നുവെന്നും ആര്യ രാജേന്ദ്രൻ കുറിച്ചു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ അവർക്കെതിരെ ഒരു പെറ്റികേസുപോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്ക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നതെന്നും മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു. അതിനാൽ തന്നെ ഈ ആരോപണങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആകുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments