ന്യൂഡല്‍ഹി: നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ഭാരതീയ സംസ്കാരത്തിന്റെ സംഗമ വേദിയാകും. ഇന്ത്യന്‍ സംസ്കാരം വ്യക്തമാക്കുന്ന വിവിധ കലകള്‍, ചിത്രങ്ങള്‍, ചുമരെഴുത്ത്, ശിലാലിഖിതങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിനായി മൂന്ന് കമ്മിറ്റി മന്ത്രാലയം രൂപികരിച്ചു.
പ്രവേശന കവാടത്തില്‍ പ്രതിമ, മന്ദിരത്തിനകത്ത് ഭരണഘടന ഗ്യാലറിയും ഉണ്ടാകും.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൃശ്യവല്കരണമാകും ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുക. വൈവിധ്യമാര്‍ന്ന സംസ്കാരവും പുരാവൃത്തങ്ങളും അകത്ത് കാണാന്‍ സാധിക്കുമെന്നും അറിയിച്ചു.ആരുടെ പ്രതിമ ആകും സ്ഥാപിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
മന്ദിരത്തിന്റെ പണി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് കേന്ദ്രം വ്യക്തമാക്കി. ത്രികോണാകൃതിയിലാകും നിര്‍മിതി.പല മതങ്ങളിലെയും വിശുദ്ധമായ ജ്യാമിതിയാണ് ത്രികോണം. താമര, മയില്‍, ആല്‍മരം എന്നീ ദേശീയ ചിഹ്നങ്ങള്‍ മന്ദിരത്തിനകത്ത് ഉണ്ടാകും. ലോക്സഭയുടെ പ്രമേയം മയിലും രാജ്യസഭയുടെ പ്രമേയം ദേശീയ പുഷ്പമായ താമരയിലും ദൃശ്യമാകും. സെന്‍ട്രല്‍ ലോഞ്ചിനെ ആല് മരത്തിലൂടെ ആകും സൂചിപ്പിക്കുക. പുതിയ മന്ദിരത്തിലെ കാര്പെറ്റുകള് പരമ്പരാഗത രീതിയില്‍ രൂപകല്പന ചെയ്തവയാകും. മേല്‍ക്കൂരയിലും ചുമരെഴുത്തുകള്‍ ഉണ്ടാകും.
കമ്മിറ്റിയിലെ പാനലുകളില്‍ അക്കാദമി അംഗങ്ങള്‍, ചരിത്രകാരന്മാര്, കലാകാരന്മാര്, സാംസ്കാരിക, നഗരവികസന മന്ത്രാലത്തിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.കമ്മിറ്റി നിരീക്ഷണ വിലയിരുത്തലുകള്‍ നടത്തിയതിന് ശേഷമാകും അലാങ്കാരം നടത്തുക.
ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഓഫ് ആര്‍ട്സിലെ സെക്രട്ടറി അംഗങ്ങളായ ഗോവിന്ദ് മോഹന്‍, സച്ചിദാനന്ദ് ജോഷി എന്നിവരാകും കമ്മിറ്റിയെ നയിക്കുക. ക്ലാസിക്കല്‍ ഭരതനാട്യ കലാകാരി പത്മ സുബ്രമണ്യം , പുരാവസ്തു ശാസ്ത്രജ്ഞന് കെകെ മുഹമ്മദ്, മുന്‍ പ്രസാദ് ഭാരതി ചീഫ് സൂര്യ പ്രകാശ് തുടങ്ങിയവരും മോഹന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ അംഗങ്ങളാകും.
ചരിത്രകാരനായ ഗൗരി കൃഷ്ണന്, വഡോദര എംഎസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വികെ ശ്രീവാസ്തവ തുടങ്ങിയവര്‍ ജോഷിയുടെ സംഘത്തിലും അംഗങ്ങള്‍ ആകും. ഉള്ളടക്കത്തെ സംബന്ധിച്ചുള്ള കാര്യങ്ങളുടെ വിശകലനം ജോഷിയുടെ സംഘമാകും വിലയിരുത്തുക.
Comments