ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞ പൂർത്തിയായതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ഇരുവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്. വൈകീട്ട് ഏഴരയോടെയായിരുന്നു മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിൻഡെക്ക് അഭിനന്ദനങ്ങൾ. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്. രാഷ്ട്രീയ, നിയമനിർമ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തി. മഹാരാഷ്ട്രയെ ഉയരങ്ങളിൽ എത്തിക്കാൻ ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും അഭിനന്ദനങ്ങൾ നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ബിജെപി കാര്യകർത്താക്കൾക്കും പ്രചോദനമാണ് ദേവേന്ദ്ര ഫഡ്നാവിസ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയിലെ സർക്കാരിന് അമൂല്യ സ്വത്തായിരിക്കും. മഹാരാഷ്ട്രയെ അദ്ദേഹം ഉയർച്ചയിലേക്ക് നയിക്കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Comments