ദേവ്ഗര്‍: ദേവ്ഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12ന് നിര്‍വഹിക്കും. പുതിയതായി പണി കഴിഞ്ഞ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ പരീക്ഷണയോട്ടം നടത്തിയതായി അധികൃതര്‍ അറിയിച്ചു.
657 ഏക്കര്‍ പ്രദേശത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എയര്‍ബസ് വിമാനങ്ങള്‍ക്ക് ( എ320) ഇറങ്ങാനായി 410 കോടി രൂപ മുതല്‍മുടക്കില്‍ 2500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന്റെ ഗോപുര മാതൃകയിലാണ് ടെര്‍മിനലിന്റെ നിര്‍മാണം. ഗോത്രവര്‍ഗ്ഗ കലകള്‍, വിനോദ സഞ്ചാര സ്ഥലങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവയും എയര്‍പോര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍, എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് സഞ്ജീവ് കുമാര്‍, ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി സുഖ്ദേവ് സിംഗ് , ഡിജിപി നീരജ് സിംഗ് തുടങ്ങിയവര്‍ വിമാത്താവളവും പരിസരവും വിലയിരുത്തി. ടെര്‍മിനല്‍ കെട്ടിടം, എടിസി ടവര്‍, ഫയര്‍ സ്റ്റേഷന്, പവര്‍ സ്റ്റേഷന്, റണ്‍വേ തുടങ്ങിയവയും പരിശോധിച്ചു.റാഞ്ചിയിലെ ബിര്‍സ മുണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് ശേഷം സംസ്ഥാനത്ത് അന്താരാഷ്ട്ര പദവി ലഭിക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് ഇത്.
Comments