ന്യൂഡൽഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏഴിൽ മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. കർണാടക, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്നിൽ ഇടം നേടിയിരിക്കുന്നത്. അതേസമയം വ്യവസായ സൗഹൃദമാകാൻ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനം ആന്ധ്രാപ്രദേശിനാണ്. ഗുജറാത്ത്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങൾ തുടർന്നുള്ള മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. പട്ടികയിൽ അഞ്ചാം സ്ഥാനം പഞ്ചാബിനാണ്. തെലങ്കാന ആറാം സ്ഥാനത്തും, തമിഴ്നാട് ഏഴാം സ്ഥാനത്തുമുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
വ്യവസായ നവീകരണ കർമ്മ പദ്ധതിയുടെ റിപ്പോർട്ട് പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷം വളർന്നുവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ത്രിപുര ഉൾപ്പെടെ നാല് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഇടം നേടി. മണിപ്പൂർ, മേഘാലയ,നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും, പുതുച്ചേരി, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വ്യവസായ സൗഹൃദ അന്തരീക്ഷം വളർന്നുവരുന്നത്.
ഗോവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളാണ് വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉള്ളത്. ഇതിൽ കേരളത്തിന് മൂന്നും, ബംഗാളിന് ഏഴും ആണ് സ്ഥാനം. ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. അസമിന് രണ്ടാം സ്ഥാനവുമുണ്ട്.
Comments