പാറ്റ്ന: സിവിൽ കോടതിക്കുള്ളിൽ നടന്ന സ്ഫോടനത്തിൽ പോലീസുകാരന് പരിക്ക്. പാറ്റ്നയിലെ സിവിൽ കോടതിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ തീവ്രത കുറവായതിനാൽ കൂടുതൽ നാശനനഷ്ടങ്ങളും ജീവപായവും ഒഴിവായി. സംഭവസ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
കദംകുവാൻ പോലീസിലെ എഎസ്ഐ മദൻ സിംഗിനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇയാളുടെ വലതുകൈ സ്ഫോടനത്തിൽ തകർന്നു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദൻ സിംഗിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത കേസായിരുന്നു കോടതി പരിഗണിച്ചിരുന്നത്. വാദം തുടരവേ പോലീസ് പിടിച്ചെടുത്ത ഗൺപൗഡർ കോടതിയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പാറ്റ്ന സർവകലാശാലയിലെ പട്ടേൽ ഹോസ്റ്റലിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ഗൺപൗഡർ കണ്ടെത്തിയത്. തുടർന്ന് കേസുമായി മുന്നോട്ട് പോകാനുള്ള അനുമതിക്കായി കദംകുവാൻ പോലീസ് സ്ഫോടക വസ്തുക്കളുമായി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ വാദം തുടരുമ്പോഴായിരുന്നു പോലീസ് എത്തിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
Comments