മുംബൈ: മഹാരാഷ്ട്രയുടെ പുതിയ നിയമസഭാ സ്പീക്കറെ ഇന്നറിയാം. സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൻഡിഎ സ്ഥാനാർത്ഥിയായി രാഹുൽ നർവേക്കറും മഹാവികാസ് അഘാടി സ്ഥാനാർഥിയായി രാജൻ സാൽവിയുമാണ് മത്സരിക്കുന്നത്. നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ എൻഡിഎ സ്ഥാനാർഥി രാഹുൽ നർവേക്കറിന് വിജയം സുനിശ്ചിതമാണ്.
മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ വിഭാഗം എം.എൽ.എമാർ ഇന്നലെ രാത്രി മുംബൈയിൽ മടങ്ങിയെത്തിയിരുന്നു. ഗോവയിലെ റിസോർട്ടിലായിരുന്ന ഷിൻഡെ വിഭാഗം എംഎൽഎമാർ വിമാനമാർഗമാണ് മുംബൈയിലെത്തിയത്. താജ് പ്രസിഡൻസി ഹോട്ടലിലേക്കാണ് എംഎൽഎമാർ എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം. നിയമസഭയിലേക്ക് ഇരു കൂട്ടരും രാവിലെ ഇവിടെ നിന്ന് പുറപ്പെടുമെന്നാണ് വിവരം.
സ്പീക്കർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കും. ഏറെ രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ 30 നാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തത്.
Comments