കോട്ടയം: മുഖ്യമന്ത്രിയും മകൾ വീണാ വിജയനും വ്യവസായി ഫാരിസ് അബൂബക്കറിന്റെ സാമ്പത്തിക റാക്കറ്റിലെ കണ്ണിയെന്ന് മുൻ എംഎൽഎ പി.സി ജോർജ്. മുഖ്യമന്ത്രി വിദേശത്തേക്ക് പോയാൽ അതിന് ശേഷമോ, അതിന് മുൻപോ വീണാ വിജയനും അവിടേക്ക് പോകും. തന്നെ വേട്ടയാടുന്നതിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ കേസ് കൊടുക്കുമെന്നും പി.സി ജോർജ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയി രണ്ട് ദിവസങ്ങൾക്ക് ശേഷം വീണാ വിജയനും അമേരിക്കയിലേക്ക് പോകുന്നു. പിന്നീട് പിണറായി വിജയൻ യുഎഇയിലേക്ക് പോകുന്നു. ഒരാഴ്ച മുൻപോ ഒരാഴ്ചയ്‌ക്ക് ശേഷമോ വീണാ വിജയനും യുഎഇയിലേക്ക്. സമാനമായ രീതിയിൽ തന്നെ മുഖ്യമന്ത്രിയുടെ ഓസ്‌ട്രേലിയൻ സന്ദർശനവും. മുഖ്യമന്ത്രിയ്‌ക്ക് പിന്നാലെയോ അതിന് മുൻപോ വീണാ വിജയനും അവിടെയെത്തിയിട്ടുണ്ട്. ഇരുവരും ഫാരിസ് അബൂബക്കറിന്റെ സാമ്പത്തിക റാക്കറ്റിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം എൻഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും നാളും വേട്ടയാടാൻ പിണറായിക്ക് നിന്നുകൊടുത്തു. എന്നാൽ ഇനി അതില്ല. തന്റെ അഭിഭാഷകനോട് വരാൻ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. ഇത്രയും നാൾ നിയമ നടപടി സ്വീകരിക്കാതിരുന്നത് ഉദ്യോഗസ്ഥരെ ഓർത്തിട്ടാണ്. അവരെക്കൊണ്ട് പിണറായി വിജയൻ ഓരോന്ന് ചെയ്യിക്കുകയാണ്. ഇപ്പോൾ തന്റെ ഭാര്യയെ കേസിൽ പ്രതിയാക്കിയാണ് പിണറായി വിജയന്റെ പുതിയ നീക്കം. പിണറായിക്കെതിരായ തന്റെ പോരാട്ടം ആരംഭിച്ചെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
ദീപിക സ്വന്തമാക്കാനുള്ള ഫാരിസ് അബൂബക്കറിന്റെ നീക്കം തകർത്തത് താനാണ്. നാടിന്റെ മുതൽ കക്കുന്നവനെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ വേണ്ടിവന്നാൽ പ്രധാനമന്ത്രിയെവരെ കാണും. സത്യം എന്നായാലും പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ക്രൈംബ്രാഞ്ചായിരുന്നു. രണ്ട് മണിക്കൂർ നേരം സംസാരിച്ചു. അവർക്ക് സത്യം ബോദ്ധ്യമായി. ഒരു മുഖ്യമന്ത്രിയെ താഴെച്ചാടിക്കാൻ സ്വപ്‌നയുമായി തനിക്ക് ഗൂഢാലോചന നടത്തേണ്ട കാര്യമുണ്ടോ?.
സരിത മുറിയിൽ വന്നോ, സുനിൽ കുമാർ ആലപ്പുഴ ഒപ്പം ഉണ്ടായിരുന്നോ എന്നെല്ലാം തന്നോട് ചോദിച്ചു. തന്നെക്കാണാൻ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ തനിക്കൊപ്പം സുനിൽ കുമാർ ഉണ്ടായിരുന്നുവെന്നാണ് സരിതയുടെ പരാതിയിൽ പറയുന്നത്. സുനിൽ കുമാർ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments