തിരുനെൽവേലി: ക്ഷേത്രത്തിലെ ആനയ്ക്ക് ഭക്തരുടെ സ്നേഹസമ്മാനം. സന്ധി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന ആനയ്ക്ക് തുകൽചെരിപ്പ് നൽകിയാണ് ഭക്തർ മാതൃക തീർത്തത്.
നെല്ലയ്യപ്പാർ ഗാന്ധിമതി അമ്മൻ ക്ഷേത്രത്തിലെ ആനയ്ക്കാണ് ഭക്തർ 12,000 രൂപയുടെ തുകൽ ചെരിപ്പുകൾ സമ്മാനിച്ചത്. 2000 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായ ഗാന്ധിമതി എന്ന ആനയാണ് അസുഖം മൂലം ദുരിതത്തിലായത്.ആനയുടെ ബുദ്ധിമുട്ട് മനസിലാക്കിയ ഭക്തർ ചെരിപ്പ് നൽകാൻ തീരുമാനിക്കുകയായിരുന്നു.
57 കാരിയായ ഗാന്ധിമതി ചെറുപ്പത്തിൽ തന്നെ ക്ഷേത്രത്തിലെത്തിയതാണ്. 2017 ൽ ആനയെ പരിശോധിച്ച മെഡിക്കൽ സംഘം ആനക്ക് 300 കിലോഗ്രാമിലധികം ഭാരമുള്ളതായി കണ്ടെത്തി. ഗാന്ധിമതിയുടെ പ്രായത്തിന് അനുയോജ്യമായിരുന്നില്ല അന്നത്തെ ഭാരം.അതിനാൽ ആനയുടെ ഭാരം കുറക്കണമെന്ന് മെഡിക്കൽ സംഘം നിർദേശിച്ചിരുന്നു.
ഇതേ തുടർന്ന് ദിവസവും ഏകദേശം 5 കിലോമീറ്റർ ആനയെ നടത്താൻ തുടങ്ങി. 6 മാസത്തിനുള്ളിൽ ഗാന്ധിമതി 150 കിലോ ഭാരം കുറഞ്ഞു. എന്നാൽ പതിവായുള്ള നടത്തം ആനക്ക് കാൽമുട്ട് വേദനയും സന്ധിവേദനയും ഉണ്ടാകാൻ കാരണമായി. ഇത് കാരണം ആന നടക്കാൻ ഏറെ ബുദ്ധിമുട്ടുന്നത് കണ്ട ഭക്തർ ചെരിപ്പ് സമ്മാനിക്കുകയായിരുന്നു.
Comments