കണ്ണൂർ: കൊച്ചിയിൽ അത് വരെ സഞ്ചരിക്കാത്ത ഓട്ടോയ്ക്ക് ഗതാഗതലംഘനത്തിന് പിഴയീടാക്കാനുള്ള കത്ത് നൽകി കൊച്ചി പോലീസ്. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെ.എൽ. 59 ഡി 7941 ഓട്ടോറിക്ഷയ്ക്കാണ് ഇടപ്പള്ളി പോലീസ് പിഴയീടാക്കിക്കൊണ്ടുള്ള സമൻസ് അയച്ചത്. എറണാകുളം വാഴക്കാലയിൽ അനധികൃതമായി പാർക്ക് ചെയ്തുവെന്ന് കാണിച്ചാണ് ട്രാഫിക് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
പയ്യന്നൂർ കാരയിലെ മധുസൂദനന്റെ പേരിലാണ് ഓട്ടോ. ഇയാളുടെ സഹോദരൻ പി. ശ്രീജേഷാണ് ഓട്ടോ ഓടിക്കുന്നത്. മധുസൂദനന്റെ പേരിലാണ് വെള്ളിയാഴ്ച സമൻസ് എത്തിയത്.
ഇതോടെ ആകെ ആശങ്കയിലായിരിക്കുകയാണ് ഈ സഹോദരങ്ങൾ. പോലീസിന് തെറ്റ് പറ്റിയതാണോ, അതോ ഈ നമ്പറിൽ മറ്റൊരു വാഹനം സർവ്വീസ് നടത്തുന്നുണ്ടോ എന്നതാണ് സഹോദരങ്ങളുടെ സംശയം.
കഴിഞ്ഞ വർഷം ഡിസംബർ 29-ന് വഴക്കാലയിൽ വാഹനം പാർക്ക് ചെയ്തതായാണ് കത്തിലുള്ളത്. എന്നാൽ ഓട്ടോയുമായി എറണാകുളത്തേക്ക് പോയിട്ടില്ലെന്ന് ഡ്രൈവറായ ശ്രീജേഷ് തറപ്പിച്ച് പറയുന്നു. ഒടുവിൽ ഇന്നലെ കേസ് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ പരിഹാരം ഉണ്ടാക്കാമെന്ന് പോലീസ് വ്യക്തമാക്കിയതായി സഹോദരങ്ങൾ പറയുന്നു.
Comments