ന്യൂഡൽഹി: പ്രമുഖ അസമീസ് നടൻ കിഷോർ ദാസ് അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു. അർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് കൊറോണ കൂടി ബാധിച്ചതോടെ, സ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു.
അസം വിനോദ മേഖലയിലെ വളർന്നു വരുന്ന ജനപ്രിയ നടനായിരുന്നു കിഷോർ ദാസ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, അർബുദ ചികിത്സ സ്വീകരിക്കുന്ന ചിത്രം കിഷോർ ദാസ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. നടന്റെ മടങ്ങി വരവ് എത്രയും വേഗം സാദ്ധ്യമാകട്ടെ എന്ന് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു. എന്നാൽ, പ്രാർത്ഥനകളും പ്രതീക്ഷകളും നിഷ്ഫലമാക്കി, അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കീമോതെറാപ്പിയുടെ നാലാം ഘട്ടം പുരോഗമിക്കവെയായിരുന്നു കിഷോർ ദാസിന്റെ അകാല വിയോഗം. ചികിത്സയുടെ പാർശ്വഫലങ്ങളായി തളർച്ചയും ഓക്കാനവും വിറയലും ക്ഷീണവും ഉള്ളതായി അദ്ദേഹം അറിയിച്ചിരുന്നു.
ബിധാതാ, ബന്ധുൻ, നേദേഖാ ഫഗുൻ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെയായിരുന്നു കിഷോർ ദാസ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. മുന്നൂറോളം സംഗീത വീഡിയോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘ദദ്ദ തുമി ദസ്തോ ബോർ‘ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങൾക്കായി കരാർ ഒപ്പിട്ടിരുന്നു. അതിനിടെയായിരുന്നു രോഗവും, തുടർന്നുണ്ടായ അകാല മരണവും.
Comments