ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഡൽഹിയിലെ ചില മേഖലകളിൽ വീട്ടാവശ്യത്തിനായി പൈപ്പ് തുറന്നാൽ കറുത്ത വെള്ളം ലഭിക്കുന്നതായി വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചായിരുന്നു ഗംഭീറിന്റെ പരാമർശം. വെള്ളത്തിലെ ഈ കറുപ്പ് ഡൽഹിയിൽ പതിച്ചിട്ടുള്ള കെജ്രിവാൾ പോസ്റ്ററുകളിലാണ് വേണ്ടതെന്ന് ഗംഭീർ പ്രതികരിച്ചു.
This colour should be on all Kejriwal posters in Delhi #Shame https://t.co/wlBoxVmhNX
— Gautam Gambhir (@GautamGambhir) July 3, 2022
മാദ്ധ്യമപ്രവർത്തകനായ ഗണേഷ് പോൾ പങ്കുവെച്ച ട്വിറ്റർ വീഡിയോ ഷെയർ ചെയ്തായിരുന്നു ഗംഭീറിന്റെ പ്രതികരണം. ”ബഹുമാനപ്പെട്ട ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മണ്ഡലത്തിൽ വരുന്ന മയൂർ വിഹാർ, പ്രതാപ് നഗർ ഏരിയകളിലെ വീടുകളിൽ ലഭിക്കുന്ന വെള്ളമാണിത്. കുടിക്കാനും കുളിക്കാനും തുടങ്ങി വീട്ടാവശ്യങ്ങൾക്കായി ലഭ്യമാക്കുന്നത് മലിനജലമാണോ?” എന്നായിരുന്നു ഗണേഷ് പോളിന്റെ ട്വീറ്റ്.
പ്രതാപ് നഗറിലെ തന്റെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പങ്കുവെക്കുന്നതെന്നും മാദ്ധ്യമപ്രവർത്തകൻ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ ജലബോർഡിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്താണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്കെല്ലാം സന്ദേശമയച്ചു, ഇതുവരെയും പ്രശ്നപരിഹാരമുണ്ടായില്ല, കഷ്ടം!! എന്ന പരാമർശത്തോടെയാണ് ഗണേഷ് പോൾ ട്വിറ്റർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ തുറന്നുകാട്ടിയ ഈ പോസ്റ്റാണ് ബിജെപി എംപിയായ ഗൗതം ഗംഭീർ പങ്കുവെക്കുകയും കെജ്രിവാളിനെതിരെ പ്രതിഷേധമറിയിക്കുകയും ചെയ്തത്. ഡൽഹിയിലെ വിവിധയിടങ്ങളിൽ ഗാർഹികാവശ്യത്തിനായി മലിനജലം ലഭിക്കുന്നത് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയരുന്നതിനിടെയാണ് ഗംഭീറിന്റെ പ്രതികരണം. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഗുജറാത്തിൽ തുടരുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
Comments