പാരീസ്: ലോകപ്രശസ്ത നാടക കലാകാരൻ പീറ്റർ ബ്രൂക്ക് അന്തരിച്ചു. പ്രമുഖ ഇംഗ്ലീഷ്-ഫ്രഞ്ച് നാടക ചലച്ചിത്ര സംവിധായകനായിരുന്നു. ഇന്ത്യ ലോകത്തിന് സമ്മാനിച്ച മഹത്തായ ഇതി ഹാസം മഹാഭാരതം ലോക നാടക വേദികളിൽ ആദ്യമായി അവതരിപ്പിച്ച കലാകാരനാണ് അന്തരിച്ചത്. 97 വയസ്സുണ്ടായിരുന്ന ബ്രൂക്ക് ഫ്രാൻസിലാണ് മരണപ്പെട്ടത്.
പതിനെട്ടാം വയസ്സിൽ തന്റെ ആദ്യ നാടകസംരംഭവുമായി രംഗത്തെത്തി കലാരംഗത്ത് പീറ്റർ ബ്രൂക്ക് തന്റെ പ്രതിഭ തെളിയിച്ചു. ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ചരിത്രനാടകങ്ങൾ അടക്കം വേദിയിൽ അവതരിപ്പിച്ച് നാടകരംഗത്തെ അതികായനായി ബ്രൂക്ക് മാറി. വിശ്വ മൗലീക സംവിധായകനെന്ന നിലയിലാണ് കലാസാംസ്കാരിക മേഖലയിൽ പീറ്റർ ബ്രൂക്ക് ഗണിക്കപ്പെടുന്നത്.
1964ൽ റോയൽ ഷേക്സ്പിയർ കമ്പനിയ്ക്കൊപ്പം ബ്രൂക്ക് ഇംഗ്ലീഷ് ഭാഷയിൽ തന്റെ ആദ്യ നാടകം സംവിധാനം ചെയ്തു. 1965ൽ മികച്ച സംവിധായകനെന്ന ആദ്യ ബഹുമതി ബ്രൂക്കിനെ തേടിയെത്തി. 9 മണിക്കൂർ ദൈർഘ്യമുള്ള ദ മഹാഭാരത എന്ന പേരിലെ നാടകം 1985ൽ പാരീസിലെ ലോകവേദിയിൽ എക്കാലത്തേയും അത്ഭുതമായി മാറിയിരുന്നു. 2021ൽ ഇന്ത്യ പദ്മശ്രീ നൽകി ബ്രൂക്കിനെ ആദരിച്ചു.
ലണ്ടനിൽ 1921 മാർച്ച് 21ലാണ് ബ്രൂക്കിന്റെ ജനനം. ടോണി, എമ്മി, ലോറൻസ് ഒലിവിയർ, പ്രീമിയർ ഇംപീരിയൽ, പ്രിക്സ് ഇറ്റാലിയ തുടങ്ങി നിരവധി ബഹുമതി അദ്ദേഹത്തെ തേടിയെത്തി.
Comments