ഇടുക്കി : കെഎസ്ആർടിസി ബസ്സിൽ ലൈഗികാതിക്രമം നടത്തിയ യുവാവിനെ നേരിട്ട് കോളേജ് വിദ്യാർത്ഥിനി. നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിക്ക് നേരെയാണ് ബസിൽ ആക്രമണമുണ്ടായത്. നെടുങ്കണ്ടം – എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം . യുവാവിനെ കയ്യോടെ പിടികൂടി വിദ്യാർത്ഥിനി ഊന്നുകൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.അടിമാലി ചാറ്റുപാറ സ്വദേശി കല്ലുവേലിക്കുഴിയിൽ അരുൺ ആണ് പൊലീസ് പിടിയിലായത്.
നെടുങ്കണ്ടം സ്വദേശിയാണ് വിദ്യാർത്ഥിനി . കോളേജിലേക്ക് പോകുന്നതിനാണ് യുവതി കെഎസ്ആർടിസി ബസിൽ കയറിയത്. തുടർന്ന് യാത്രയിൽ ഉറങ്ങി പോവുകയായിരുന്നു. അടിമാലി ചാറ്റുപാറയിൽ നിന്നും കയറിയ യുവാവ് പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു
അതിക്രമം തുടർന്നതോടെ തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിലേക്ക് പെൺകുട്ടി ഫോൺ വഴി മെസ്സേജ് അയച്ചു.തുടർന്ന് ഊന്നുകൽ എസ്ഐയുടെ നേതൃത്വത്തിൽ എത്തിയ സംഘം യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതേസമയം ലൈഗികാതിക്രമം നടത്തിയ യുവാവിനെ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് വിദ്യാർത്ഥിനി പോലീസിന് കൈമാറിയത്.
സംഭവത്തിൽ പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനെ തുടർന്ന് യുവാവിനെ താക്കീത് നൽകി പോലീസ് വിട്ടയച്ചു. ഒപ്പം പോലീസ് യുവതിയെ അഭിനന്ദിക്കുകയും ചെയ്തു.
Comments