തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂലൈ 6 മുതൽ 9 വരെ മഴ വ്യാപകമാകുമെന്നാണ് പ്രവചനം. അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായതും പടിഞ്ഞാറൻ മദ്ധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നതുമുൾപ്പെടെ അറബിക്കടലിൽ കാറ്റ് ശക്തമാകുന്നതിന് കാരണമാകുന്നു.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 9 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശമുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 07-07-2022 രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments