ഇടുക്കി: കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( വ്യാഴം) അവധി. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കും പ്രൊഫഷണൽ കോളേജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ജില്ലയിലെ എല്ലാ താലൂക്കുകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണും മണ്ണിടിഞ്ഞും വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇത് സ്കൂളിൽ എത്തുന്നതിന് വിദ്യാർത്ഥികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നാളെ അവധി പ്രഖ്യാപിച്ചത്.
ജില്ലയിൽ ശക്തമായ മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. അതിനാൽ മഴക്കെടുതികളിൽ നിന്നും കുട്ടികളെ മാറ്റി നിർത്താനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനുള്ള തീരുമാനമെന്നാണ് ഭരണകൂടം അറിയിക്കുന്നത്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ നടപടികൾ സ്വീകരിക്കാൻ വിദ്യാലയ മേധാവികൾക്ക് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments