ദുബായ്: അബുദാബി മാർത്തോമാ യുവജനസഖ്യം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. കൊറോണാനന്തര കാലഘട്ടത്തിൽ സമൂഹത്തിന്റെ ആകെയുള്ള മാറ്റത്തിനുവേണ്ടി സ്വപ്നം കാണുവാനും പ്രവർത്തിക്കുവാനും ഒരു നവ ലോകക്രമം സൃഷ്ടിക്കുന്നതിനും യുവജനങ്ങൾക്ക് സാധിക്കണം എന്നു തിയോഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു
മുസഫ അബുദാബി മാർത്തോമാ ദേവാലയത്തിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മാർത്തോമാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോഥിയോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു.
സുവർണ്ണ ജൂബിലി ദീപശിഖ അബുദാബി മാർത്തോമാ ഇടവകയിൽ നിന്നും യുവജനസഖ്യം സുവർണ്ണ ജൂബിലി കൺവീനർ ജിനു രാജൻ ഏറ്റുവാങ്ങി. പുതുക്കം – കൃപയോടും എന്ന ജൂബിലി ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിക്കുന്നത്. സുവർണ്ണ ജൂബിലി ലോഗോ പ്രകാശനവും നടത്തപ്പെട്ടു. യുവജനസഖ്യം ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ കൊല്ലം ജില്ലയിൽ പുനലൂരിനടുത്തു കലയനാട് എന്ന പ്രദേശത്ത് സഭയ്ക്കായി ഒരു ധ്യാന കേന്ദ്രം പണി കഴിപ്പിക്കുവാനും, അതോടൊപ്പം തന്നെ പത്തനംതിട്ട ജില്ലയിൽ റാന്നി പ്ലാപ്പള്ളിയിൽ ആദിവാസികൾക്കിടയിൽ അവരുടെ സാമൂഹികമായ ഉയർച്ചയ്ക്ക് അടിസ്ഥാന സൗകര്യ വികസനവും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു
യുവജനസഖ്യം പ്രസിഡൻറ്റ് റവ ജിജു ജോസഫ്, വൈസ് പ്രസിഡൻറ്റ് റവ അജിത്ത് ഈപ്പൻ തോമസ്, റവ സ്റ്റീഫൻ മാത്യു , ഇടവക സെക്രട്ടറി അജിത്ത് എ ചെറിയാൻ, സെക്രട്ടറി സാംസൺ മത്തായി, വനിതാ സെക്രട്ടറി അനിതാ ടിനോ, ട്രഷറർ ജേക്കബ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Comments