ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരനെ വധിച്ചു. അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യുവരിച്ചു.
രാവിലെയോടെ കുപ്വാരയിലായിരുന്നു സംഭവം. യഥാർത്ഥ നിയന്ത്രണ രേഖയിലെ കർണാ സെക്ടറിലൂടെയായിരുന്നു ഭീകരർ കശ്മീരിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
നിയന്ത്രണ രേഖവഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഭീകരരെ പിടികൂടാനായി സുരക്ഷാ സേന അടുത്തേക്ക് എത്തുകയായിരുന്നു. എന്നാൽ ഇത് കണ്ട ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഇയാളുടെ പക്കൽ നിന്നും എ.കെ 47 തോക്കുകൾ, മാഗസിനുകൾ, വെടിയുണ്ടകൾ, പിസ്റ്റൽ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
Comments