വയനാട്: മുട്ടിലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശികളായ യദു, മിഥു, പുൽപ്പള്ളി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
പാലക്കാട് നെഹ്രു കോളേജിലെ വിദ്യാർത്ഥികളായ മൂന്ന് പേരും വിനോദയാത്രയുടെ ഭാഗമാണ് വയനാട്ടിൽ എത്തിയത്. സുൽത്താൻ ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് വരുന്നതിനിടെ വാര്യാട്വെച്ചായിരുന്നു ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഉടനെ ആളുകൾ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് വിവരം. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. അമിത വേഗമോ, വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments