ഇടുക്കി: കഞ്ഞിക്കുഴി പുന്നയാറിൽ പാറക്കൂട്ടം ഇടിഞ്ഞു വിണ് നാൽപതോളം കുടുംബങ്ങൾ അപകട ഭീഷണിയിൽ. കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയെ തുടർന്നാണ് ഇന്ന് രാവിലെ കൂറ്റൻ പാറകൾ ഇടിഞ്ഞുവീണത്.
2018ൽ നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടാവുകയും മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത പ്രദേശമാണ് പുന്നയാർ. അന്നുമുതൽ ഈ പാറക്കൂട്ടം നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് തടസ്സമായിരുന്നു. പാറ പൊട്ടിച്ച് ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കടക്കം നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല.
വിജയൻ പടിഞ്ഞാറയിൽ എന്ന വ്യക്തിയുടെ വീടിന് സമീപമാണ് ഇടിഞ്ഞുവീണ പാറ തങ്ങിനിന്ന് ഏറ്റവും അപകട ഭീഷണി സൃഷ്ടിക്കുന്നത്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഇവിടെ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments