കണ്ണൂർ : ചികിത്സാ പിഴവിനെത്തുടർന്ന് ആശുപത്രിയ്ക്കെതിരെ പരാതിയുമായി കുടുംബം. ചികിത്സയ്ക്കെത്തിയ യുവതിയുടെ കൈയ്യിൽ കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കൈകളിൽ കയറി. തുടർന്ന് ഇരുകൈകളിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലാണ് സംഭവം. പൊടിക്കുണ്ട് സ്വദേശിനി നന്ദനയ്ക്കാണ് നഴ്സുമാരുടെ അശ്രദ്ധ കാരണം ഇരു കൈകളിലും ഓപ്പറേഷൻ ചെയ്യേണ്ടി വന്നത്. പനിയുമായി എത്തിയ ഇവരുടെ കൈയ്യിൽ സ്ഥാപിച്ച കാനുല തിരിച്ചെടുക്കുന്നതിനിടെ സൂചി ഞരമ്പിൽ കുടുങ്ങുകയായിരുന്നു. വലതു കൈയ്യിലും കാനുല ഇട്ടെങ്കിലും സമാനമായ രീതിയിൽ ഈ കൈയ്യിലും സൂചി ഒടിഞ്ഞു കയറി.
ആറാം തീയതി മുതലാണ് അസഹനീയമായ വേദന അനുഭവപ്പെട്ടത്. ഡോക്ടർ അടക്കമുള്ളവർ എത്തി പരിശോധിച്ചുവെങ്കിലും കാനുല പൂർണമായും നീക്കം ചെയ്തുവെന്നായിരുന്നു അവകാശപ്പെട്ടത്. വേദന അസഹനീയമായതോടെയാണ് തുടർ ചികിത്സ തേടിയതും ഇരുകൈകളിലും ശസ്ത്രക്രിയ നടത്തിയതെന്നും നന്ദന പറഞ്ഞു. തുടർന്ന് ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് മെഡിക്കൽ വിദ്യാർത്ഥിനിയായ നന്ദനയും കുടുംബവും അറിയിച്ചു.
Comments