തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലും, കണ്ണമൂല ചട്ടമ്പിസ്വാമി ജന്മക്ഷേത്രത്തിലും ദർശനം നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്ത് എത്തിയ എസ് ജയ്ശങ്കറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ബിജെപിയുടെ തിരുവനന്തപുരം ജില്ലാ കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അദ്ദേഹം, പാർലമെന്റ് മോർച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അനന്തപുരിയിലെ യുവജനതയ്ക്കൊപ്പം അദ്ദേഹം ആശയവിനിമയം നടത്തി. തുടർന്ന് വൈകീട്ടോടെ പത്മനാഭസ്വാമി ക്ഷേത്രത്തിലും, കണ്ണമൂല ചട്ടമ്പിസ്വാമി ജന്മക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടത്തി.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനം. ബൂത്തുതലം മുതൽ പാർലമെൻറ് മണ്ഡലം വരെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നടത്തുന്നത്. മണ്ഡലത്തിലെ പ്രധാന സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങൾ നിരീക്ഷിച്ച് പ്രവർത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
Comments