തൃശൂർ : ട്രെയിനിൽ നിന്ന് കാൽവഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്കു ദാരുണാന്ത്യം. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. മത്സ്യത്തൊഴിലാളിയായ തോപ്പുംപടി അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നു.
കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അനു.ട്രെയിൻ തൃശൂരിലെത്തിയപ്പോൾ യുവതി ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാൻ ഇറങ്ങി. തിരികെ കയറുംമുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.സംസ്കാരം മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയിൽ ഇന്ന് വൈകിട്ട് 5ന് നടക്കും.
Comments