ലക്നൗ: വികസനത്തിൽ ഉത്തർപ്രദേശിനെ മാതൃകയാക്കി ലോകരാജ്യങ്ങൾ. ഉത്തർപ്രദേശ് സർക്കാരിന്റെ ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ഇന്തോനേഷ്യ. ഇതിന്റെ ഭാഗമായി എന്തോനേഷ്യൻ അംബാസിഡർ ഇന എച്ച് കൃഷ്ണമൂർത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി.
ഉത്തർപ്രദേശിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്തോനേഷ്യയും ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാൻ പോകുകയാണെന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുകയാണെന്ന് ഇന കൃഷ്ണമൂർത്തി വ്യക്തമാക്കി. പദ്ധതി താഴെക്കിടയിൽ നിന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണമേകും. മിഷൻ ശക്തി സ്ത്രീകളെ എങ്ങനെ കരുത്തരാക്കും എന്നത് തനിക്ക് മനസ്സിലായി.
അടിസ്ഥാന സൗകര്യവികസനത്തിൽ അതിവേഗം വളരുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. അടുത്തു തന്നെ ഒരു എക്സ്പ്രസ്വേ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുമെന്നാണ് തനിക്ക് ലഭിച്ച വിവരം. ഇന്തോനേഷ്യയുടെ ഭക്ഷ്യ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ പങ്കാണ് ഇന്ത്യയ്ക്കുള്ളതെന്നും ഇന കൃഷ്ണമൂർത്തി പറഞ്ഞു.
ഉത്തർപ്രദേശിനെ മാതൃകയാക്കി ഒരു ഗ്രാമം ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന ഇന്തോനേഷ്യയ്ക്ക് യോഗി ആദിത്യനാഥ് അഭിനന്ദനങ്ങൾ അറിയിച്ചു. കഴിഞ്ഞ 200 വർഷക്കാലമായി ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ നിലനിൽക്കുന്നത് ശക്തമായ ബന്ധമാണ്. ഇന്തോനേഷ്യയിലെ പല നഗരങ്ങളെക്കുറിച്ചും രാമായണത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments