കോഴിക്കോട്: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി. അൽഷിമേഴ്സ് അസുഖബാധിതയായ ഭാര്യയെയാണ് ഭർത്താവ് കൊന്നത്. കോഴിക്കോട് വടകരയാണ് ഒരേ വീട്ടിൽ കൊലപാതകവും ആത്മഹത്യയുമുണ്ടായത്.
തിരുവള്ളൂർ മലോൽ കൃഷ്ണനാണ് (74) ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തത്. ഭാര്യ നാരായണിക്ക് 62 വയസായിരുന്നു. ഇരുവരും മകന്റെ കൂടെയാണ് താമസിച്ച് വന്നിരുന്നത്. പെട്ടെന്നൊരു ദിവസം നാരായണിയെ കഴുത്തറുത്ത നിലയിൽ കിടപ്പുമുറിയിലും കൃഷ്ണനെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
മകനും ഭാര്യയും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാരായണിയുടെ അസുഖത്തെക്കുറിച്ചുള്ള മനോവിഷമത്തിലാകാം കൊലപാതകവും ആത്മഹത്യയും സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഏതാനും നാളുകളായി നാരായണി അൽഷിമേഴ്സ് രോഗബാധിതയാണ്. ഇതിൽ വലിയ മനഃപ്രയാസമായിരുന്നു ഭർത്താവ് കൃഷ്ണനുണ്ടായിരുന്നതെന്ന് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments