മുംബൈ: ഉദ്ധവ് പക്ഷത്തുള്ള കൂടുതൽ ശിവസേനാ നേതാക്കൾ എൻഡിഎയ്ക്കൊപ്പം ചേരുമെന്ന സൂചന നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. നിരവധി നേതാക്കൾ താനുമായി ബന്ധം തുടരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇതോടെ കൂടുതൽ പേർ ഷിൻഡെ ക്യാമ്പിലേക്ക് എത്തുമെന്ന കാര്യം ഉറപ്പായി.
ഇന്നലെ ശിവസേന എംഎൽഎ സന്തോഷ് ബാൻഗറുടെ നേതൃത്വത്തിൽ ശിവസേനാ നേതാക്കളും പ്രവർത്തകരും ഷിൻഡെയുടെ സഹ്യാദ്രി ഗേറ്റ് ഹൗസിന് മുൻപിൽ ശക്തി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ കരുത്ത് വർദ്ധിക്കുമെന്ന് ഷിൻഡെ വ്യക്തമാക്കിയത്. തങ്ങളുടെ ശക്തി തെളിയിക്കുന്നതിന് വേണ്ടിയല്ലെന്നും, മറിച്ച് സ്നേഹമെന്ന ദർശനമെന്തെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ശക്തി പ്രകടനമെന്ന് ഷിൻഡെ വ്യക്തമാക്കി.
സന്തോഷ് ബൻഗാറും എല്ലാ പ്രവർത്തകരും ഇവിടെയെത്തി. തങ്ങളുടെ ശക്തി എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് അവർ വീട്ടിൽ തടിച്ച് കൂടിയത്. ഇവർക്ക് വികസനത്തിലൂടെ നന്ദി അറിയിക്കും. വികസന പ്രവർത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കുന്ന സർക്കാരല്ല സംസ്ഥാനം ഭരിക്കുന്നത്. ശിവസേന- ബിജെപി സഖ്യസർക്കാർ വികസനത്തിനായാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഉദ്ധവ് ക്യാമ്പിലെ 12 എംപിമാർ ഷിൻഡെയുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി റോസാഹെബ് ധൻവേ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻഡെ തന്നെ ഇതിൽ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുന്നത്.
Comments