ശ്രീനഗർ ; ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കണമെങ്കിൽ കേന്ദ്ര സർക്കാർ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. കേന്ദ്ര ഭരണ പ്രദേശത്ത് ഭീകരാക്രമണങ്ങൾ കുറയ്ക്കാൻ അത് മാത്രമാണ് മാർഗം. കശ്മീർ വിഷയത്തിന്റെ പരിഹാരം കാണുന്നത് വരെ താഴ്വരയിൽ ആളുകൾ മരിച്ചുകൊണ്ടേയിരിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
കശ്മീരിൽ ഭീകരാക്രമണങ്ങൾ ഒരിക്കലും കുറയില്ല. കശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത് വരെ ഭീകരപ്രവർത്തനങ്ങൾ ഒരിക്കലും കുറയ്ക്കാനാവില്ല. ഇതിനായി കേന്ദ്ര സർക്കാർ പാകിസ്താനുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു.
കഴിഞ്ഞ ദിവസം കശ്മീരിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പോലീസുകാരന്റെ മകനെ കഴിഞ്ഞ വർഷം സുരക്ഷാ സേന വധിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാവിനെ ഏറ്റുമുട്ടലിനിടെയാണ് വധിച്ചത്. ആരാണ് തെറ്റുകാരൻ എന്നോ ആരാണ് ശരിയെന്നോ പറയാൻ പറ്റാത്ത അവസ്ഥയാണെന്നും കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
Comments