തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയെ ലോകം വിസ്മയത്തോടെ കാണുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ. ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാര വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മേഖലയിൽ വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ ആയുർദൈർഘ്യം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വലിയ തോതിലുള്ള മുന്നേറ്റമാണ് നടക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ മേഖലയിൽ മികച്ച മുന്നേറ്റമാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിൽ സർക്കാർ കൊണ്ടു വരുന്ന പദ്ധതികളെല്ലാം വലിയ വിജയമാണ്. നിപയേയും കൊറോണയേയും നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞു. ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി കൂട്ടായി പ്രവർത്തിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്. രോഗനിർമാർജ്ജനത്തിനും ജീവിതശൈലീ രോഗങ്ങൾ കുറച്ച് കൊണ്ടു വരുന്നതിനും വലിയ പ്രയത്നമാണ് സംസ്ഥാനം നടത്തുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വിശദീകരിച്ചു.
Comments