പാലക്കാട്: വൈദ്യുതി തകരാർ പരിശോധിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരന് ക്രൂരമർദ്ദനം. കെഎസ്ഇബി ഓവർസിയറായ കണ്ണദാസനാണ് മർദ്ദനമേറ്റത്. പാലക്കാട് വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ മകനും കൂട്ടുകാരുമാണ് മർദ്ദിച്ചതെന്ന് കെഎസ്ഇബി ജീവനക്കാരൻ പറയുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണദാസന് കണ്ണിന് താഴെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും കണ്ണദാസ് അറിയിച്ചു.
പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി തകരാറിലായിരുന്നു. പ്രാഥമിക കാര്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെ പലരും ബുദ്ധിമുട്ടിയതായി വിളിച്ചറിയിച്ചു. വൈദ്യുതി പ്രശ്നം നേരിട്ട സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറിയാണ് കണ്ണദാസിന്റെ വീട്. നിരവധി പേർ പരാതി വിളിച്ചറിയച്ചതിനെ തുടർന്നാണ് ജോലി സമയം കഴിഞ്ഞ വേളയിലും പരാതി പരിഹരിക്കാൻ പോയതെന്ന് കണ്ണദാസ് പറയുന്നു.
കനത്ത മഴയ്ക്കിടെ ലൈനിൽ കവുങ്ങ് വീണതിനെ തുടർന്നായിരുന്നു വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. അതിനാൽ കവുങ്ങ് വെട്ടിമാറ്റി ലൈനിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായിരുന്നു കണ്ണദാസിന്റെ ശ്രമം. ഇതിനിടെയായിരുന്നു മർദ്ദനമേറ്റതെന്ന് കണ്ണദാസൻ വ്യക്തമാക്കി. കവുങ്ങ് വെട്ടിമാറ്റുന്നതിൽ പ്രദേശത്തെ പോലീസുകാരനായ ഒരാളുടെ വീട്ടിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ഇതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് കരുതുന്നത്.
Comments